ന്യൂഡൽഹി: അഭിമാന നേട്ടവുമായി ഇന്ത്യ. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ആദ്യ യുദ്ധ ഹെലികോപ്റ്ററിന്റെ പരീക്ഷണം വിജയകരമായി. രുദ്ര ഹെലികോപ്റ്ററിൽ നിന്ന് റോക്കറ്റും തോക്കും യുദ്ധസാമഗ്രികളും ഇന്ത്യൻ സേന പരീക്ഷിച്ചു.
രുദ്രയിൽ നിന്ന് റോക്കറ്റുകൾ വർഷിക്കുന്ന വിഡിയോ ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്‌സ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഹെലികോപ്റ്റർ ലക്ഷ്യസ്ഥാനത്തേക്ക് പറക്കുന്നതും റോക്കറ്റും വെടിയുണ്ടകളും വർഷിക്കുന്നതും വീഡിയോയിൽ കാണാം. രുദ്ര എന്നത് സേനയുടെ ധ്രുവ് ഹെലികോപ്റ്ററിന്റെ യുദ്ധപ്പതിപ്പും തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ആക്രമണ ഹെലികോപ്റ്ററുമാണ്.
ബെംഗളൂരു ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് രുദ്ര വികസിപ്പിച്ചത്. വ്യോമസേനയുടെയും കരസേനയുടെയും യുദ്ധ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു ഹെലികോപ്ടർ വികസിുപ്പിച്ചത്. 5.8 ടണ്ണാണ് ഭാരം. യുദ്ധടാങ്കുകൾ നശിപ്പിക്കുന്നതിനും ആവശ്യഘട്ടങ്ങളിൽ ഗ്രൗണ്ടിൽ നിന്ന് പൊരുതുന്ന സേനയ്ക്ക് സഹായം ഉറപ്പാക്കുന്നതിനും സായുധ നിരീക്ഷണം നടത്തുന്നതിനുമാണ് ഇവ ഉപയോഗിക്കുക. 20 എംഎം തോക്കുകളും 700 എംഎം റോക്കറ്റുകളും വഹിക്കാനാകും.
ആകാശത്തേയ്ക്കും കരയിലേയ്ക്കും മിസൈൽ തൊടുക്കാമെന്നതമാണ് ഇതിന്റെ മറ്റൊരു സവിശേഷത.

