ഇടുക്കി: മൂന്നാർ-കുമളി സംസ്ഥാനപാതയിൽ ഉടുമ്പൻചോല മുതൽ ചേരിയാർ വരെയുള്ള ഭാഗത്തുകൂടിയുള്ള രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. വൈകുന്നേരം ഏഴു മണി മുതൽ രാവിലെ ആറു വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലാ കളക്ടർ ഷീബ ജോർജാണ് ഇക്കാര്യം അറിയിച്ചത്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മേഖലയിലൂടെയുള്ള രാത്രി കാലയാത്ര നിരോധിച്ചത്. നിരോധനകാലയളവിൽ യാത്രക്കാർക്ക് ഇതിന് സമാന്തരമായ മറ്റ് പാതകൾ ഉപയോഗിക്കാം. അതേസമയം, ഉടുമ്പൻചോല താലൂക്കിലെ ശാന്തൻപാറ, ചതുരംഗപ്പാറ വില്ലേജുകളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലുകളിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.