തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ ഇഡിയെ ഉപയോഗിച്ചു കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ പ്രതിരോധിക്കുമെന്നും സഹകരണമേഖലയിൽ ഇടതുവലതു വ്യത്യാസമില്ലാതെ ഒരുമയോടെ പോകണമെന്നും മുഖ്യമന്ത്രി അറിയിച്ചു. സഹകാരി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
അതേസമയം, സഹകരണ മേഖലയിലെ കൊള്ളക്കാരെ സംരക്ഷിക്കുകയും നിക്ഷേപകരെ അവരുടെ പാട്ടിനു വിടുകയും ചെയ്യുന്ന രീതിയാണു സർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഒരുമയോടെ പോകണമെന്നു പറയുമ്പോൾ തന്നെ ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ചു യുഡിഎഫിന്റെ സഹകരണ സംഘങ്ങളെ അട്ടിമറിച്ചു ഭരണം പിടിക്കുകയാണു സിപിഎം ചെയ്യുന്നതെന്നും സർക്കാർ ഇതിന് കൂട്ടു നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.