കൊച്ചി: അസമയത്ത് വെടിക്കെട്ട് വിലക്കി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി സംസ്ഥാന സർക്കാർ. ഹൈക്കോടതി ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്ന് സർക്കാർ ഹർജിയിൽ അറിയിച്ചു.
ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാറും ദേവസ്വം ബോർഡുകളും അപ്പീൽ നൽകുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് വിഷമമാണ്. അസമയമെന്നേ പറഞ്ഞിട്ടുള്ളൂ, സമയം പറഞ്ഞിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് ദേവസ്വം ബോർഡ് പ്രതിനിധികൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
അസമയത്ത് ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.