കൊച്ചി: പി എം സ്വാനിധി പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെ വായ്പ നേടിയത് 51046 ഗുണഭോക്താക്കൾ. നഗരങ്ങളിലെ തെരുവു കച്ചവടക്കാരുടെ ഉപജീവനത്തിന് കുടുംബശ്രീ വഴി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണിത്. 2023 ഡിസംബറിനുള്ളിൽ പരമാവധി കച്ചവടക്കാരെ പദ്ധതിയിൽ ഉൾപ്പെടുത്തി മെച്ചപ്പെട്ട തൊഴിലവസരം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി ആവിഷ്‌കരിച്ചത് കോവിഡ് കാലത്ത് ഉപജീവന മാർഗം നഷ്ടമായ തെരുവു കച്ചവടക്കാർക്ക് തൊഴിലും വരുമാനവും വീണ്ടെടുക്കാൻ സഹായകമാകും വിധമായിരുന്നു. ചെറുകിട വായ്പാ സൗകര്യം എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാനം എല്ലാ ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്.
നിലവിൽ തിരിച്ചടവ് പൂർത്തിയാക്കിയ 6531 ഗുണഭോക്താക്കൾക്ക് രണ്ടാംഘട്ട വായ്പയും 1926 പേർക്ക് മൂന്നാംഘട്ട വായ്പയും ലഭ്യമാക്കിയിട്ടുണ്ട്. വായ്പയ്ക്ക് ഏഴു ശതമാനം പലിശ സബ്സിഡിയായും ലഭിക്കും.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി പണമിടപാടുകൾ നടത്തുന്നവർക്ക് പ്രത്യേക ഇൻസെന്റീവുണ്ട്. നഗരസഭകളുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായാണ് പി എം സ്വാനിധി പദ്ധതി നടപ്പിലാക്കിയത്. മൂന്നു ഘട്ടങ്ങളിലായാണ് വായ്പ അനുവദിക്കുന്നത്. ആദ്യഘട്ടത്തിൽ 10,000, രണ്ടാംഘട്ടത്തിൽ 20,000, മൂന്നാംഘട്ടത്തിൽ 50,000 രൂപ . ഓരോ തവണയും നല്കുന്ന വായ്പയുടെ തിരിച്ചടവ് യഥാസമയം പൂർത്തിയാക്കുന്ന മുറയ്ക്കാണ് അടുത്ത ഘട്ടത്തിലെ വായ്പ അനുവദിക്കുന്നത്. ഇങ്ങനെ ഒരോ ഗുണഭോക്താവിനും പരമാവധി 80,000 രൂപ വരെ ലഭിക്കും. തെരുവു കച്ചവടക്കാരനാണെന്നു സാക്ഷ്യപ്പെടുത്തുന്ന നഗരസഭയുടെ കത്തോ വെൻഡിംഗ് സർട്ടിഫിക്കറ്റോ ആധാർ കാർഡ് സഹിതം അപേക്ഷയോടൊപ്പം ഉണ്ടാകണം. മറ്റ് ഈടുകളൊന്നും ഈ വായ്പയ്ക്ക് ആവശ്യമില്ല.

