സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചു; നൂറോളം പേർക്ക് രോഗലക്ഷണം

കണ്ണൂർ: തലശ്ശേരിയിൽ സിക വൈറസ് സ്ഥിരീകരിച്ചു. തലശേരി ജില്ലാ കോടതിയിൽ രോഗലക്ഷണങ്ങളുണ്ടായ ഒരാൾക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. കോടതിയിൽ അഭിഭാഷകർക്കുമുൾപ്പെടെ നൂറോളം പേർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന് കാരണം സിക വൈറസാണെന്നാണ് സൂചന.

രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളിൽ ഒരാളുടെ പരിശോധന ഫലമാണ് ഇപ്പോൾ ലഭിച്ചത്. മറ്റുള്ളവർക്കും സിക വൈറസ് ബാധിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനാ ഫലം പുറത്തു വന്നാൽ മാത്രമെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ.

മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗമാണ് സിക വൈറസ് രോഗം (സിക പനി). തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചർമ്മത്തിൽ ചുവന്ന പാടുകൾ, ചെങ്കണ്ണ്, സന്ധിവേദന തുടങ്ങിയ ഡെങ്കിപ്പനിയോട് സാദൃശ്യമുള്ള ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്.