അയോധ്യ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താൽക്കാലിക ക്ഷേത്രത്തിൽ നിന്ന് പുതിയ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് കാൽനടയായി ശ്രീരാമ വിഗ്രഹം വഹിച്ചുകൊണ്ടുപോകുമെന്ന് റിപ്പോർട്ട്. സുരക്ഷാ പ്രോട്ടോക്കോളുകൾ മറികടന്ന് പ്രധാനമന്ത്രി 500 മീറ്റർ വിഗ്രഹം കൈയിലേന്തി നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താൽക്കാലിക ക്ഷേത്രത്തിൽ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന ശ്രീരാമ വിഗ്രഹം അവിടെനിന്ന് പുതിയ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് എത്തിക്കാനുള്ള നിയോഗം പ്രധാനമന്ത്രിക്കു നൽകാനാണ് ക്ഷേത്ര ട്രസ്റ്റ് പദ്ധതിയിടുന്നതെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുഗമിക്കും. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. വിഗ്രഹത്തിന്റെ മിഴി തുറക്കുന്ന ചടങ്ങിനു മുൻപു നടക്കുന്ന പ്രാണ പ്രതിഷ്ഠയിൽ പ്രധാനമന്ത്രിയാവും ചുമതല വഹിക്കുകയെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖ പുരോഹിതന്മാർ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. മൂന്നു വിഗ്രഹങ്ങളാണ് ട്രസ്റ്റ് തയാറാക്കിയിരിക്കുന്നത്. ഇതിൽ ഏതാണു പ്രതിഷ്ഠിക്കുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

