സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു; യൂണിറ്റിന് ശരാശരി 20 പൈസ വരെ ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് വർദ്ധിപ്പിച്ചത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. 25 മുതൽ 40 ശതമാനം വർദ്ധനവ് വേണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി വ്യക്തമാക്കിയത്. അനാഥാലയങ്ങൾ, വ്യദ്ധസദനങ്ങൾ, ഐടി,ഐടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർധന ബാധകമല്ല. ബുധനാഴ്ച്ച മുതലാണ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വന്നത്.

അവസാനമായി വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത് 2022 ജൂൺ മാസമാണ്. നിലവിൽ 20 ശതമാനമാണ് പരമാവധി കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. 50 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ ഫിക്സഡ് ചാർജ് ഉൾപ്പെടെ യൂണിറ്റിന് 3.25രൂപ നൽകണം. 40 രൂപയാണ് സിംഗിൾഫേസ് ഉപഭോക്താക്കൾ പ്രതിമാസം ഫിക്സഡ് ചാർജായി നൽകേണ്ടത്. ത്രീഫേസ് ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് 100 രൂപയാണ്. 51 യൂണിറ്റ് മുതൽ 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 4.05 രൂപ നൽകണം. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 65. ത്രീഫേസ് ഫിക്സഡ് ചാർജ് 140. 101 യൂണിറ്റു മുതൽ 150 യൂണിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്നവർ യൂണിറ്റിന് 5.10രൂപ നൽകണം. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 85. ത്രീഫേസ് ഫിക്സഡ് ചാർജ് 170 രൂപയാണ്.

151 യൂണിറ്റ് മുതൽ 200 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 6.95 രൂപ നൽകണം. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 120. ത്രീഫേസ് ഫിക്സഡ് ചാർജ് 180. 200 യൂണിറ്റു മുതൽ 250 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 8.20 രൂപ നൽകണം. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 130. ത്രീഫേസ് ഫിക്സഡ് ചാർജ് 200. മുന്നൂറ് യൂണിറ്റ് കഴിഞ്ഞാൽ ഓരോ യൂണിറ്റിനും ഒറ്റ നിരക്കാണ് (നോൺ ടെലസ്‌കോപ്പിക്). 0300 യൂണിറ്റിന് 6.40രൂപ. 0350 യൂണിറ്റുവരെ 7.25രൂപ. 0400 യൂണിറ്റുവരെ 7.60രൂപ. 0500 യൂണിറ്റുവരെ ഓരോ യൂണിറ്റിനും 7.90 രൂപ. 500 യൂണിറ്റിനു മുകളിൽ ഓരോ യൂണിറ്റിനും 8.80രൂപ. പ്രതിമാസ ഉപയോഗം 40 യൂണിറ്റിനു താഴെയുള്ള ബിപിഎല്ലുകാർക്ക് ഫിക്സഡ് ചാർജില്ല. എൻഡോസൾഫാൻ ബാധിതരുടെ കുടുംബങ്ങൾക്കും നിരക്കിൽ ഇളവ് നൽകിയിട്ടുണ്ട്.