ബംഗളൂരു: തെലങ്കാനയിൽ കോൺഗ്രസ് – സിപിഎം സഖ്യം ഉണ്ടാകില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. 17 ഇടങ്ങളിൽ സി പി എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേർന്ന് മത്സരിക്കാനുള്ള ചർച്ചകൾക്ക് ഫലം കാണാത്തതിനെ തുടന്നാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം സിപിഎം സ്വീകരിച്ചത്.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെതിരെയും സി പി എം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. സിപിഎം തെലങ്കാന സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭഭ്രമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തെലങ്കാനയിൽ സീറ്റ് ധാരണക്കായി കോൺഗ്രസും ഇടത് പാർട്ടികളും തമ്മിൽ നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. സീറ്റ് ധാരണ സംബന്ധിച്ച പലതവണയായി യോഗം ചേർന്നിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇരു പാർട്ടികളും തമ്മിൽ അന്തിമധാരണയിലെത്തിയിരുന്നില്ല. തുടർന്നാണ് സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.

