മര്യാദയെ അതിലംഘിക്കുന്ന പോസ്റ്റുകൾ കണ്ടു; വിമര്‍ശനങ്ങൾക്ക് മറുപടിയുമായി മുൻ അധ്യാപിക ദീപ നിശാന്ത്

കേരള വര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി മുൻ അധ്യാപിക ദീപ നിശാന്ത്. താനിപ്പോൾ പഠിപ്പിക്കുന്നത് കേരളവർമ്മ കോളജിലല്ലന്നും 2 വർഷമായി മറ്റൊരു കോളേജിലേക്ക് ട്രാൻസ്ഫർ ലഭിച്ചിരുന്നു എന്നും പറയുന്നു.

കേരളവർമ്മയിലെ നിലവിലെ വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷം പേരെയും എനിക്കറിയില്ല.അവസാന വർഷക്കാരിൽ കുറച്ചുപേരെ മാത്രം അറിയാം.അവരിൽ ചിലരുമായി ഇപ്പോഴും ബന്ധമുണ്ട്. അതിലൊരാൾ ശ്രീക്കുട്ടനാണ്. ക്ലാസില്‍ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാര്‍ത്ഥി എന്ന നിലയില്‍ ശ്രീക്കുട്ടനോട് സ്‌നേഹമുണ്ടെന്നും ബഹുമാനമുണ്ടെന്നും ദീപാ നിശാന്ത് കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നും മര്യാദയെ അതിലംഘിക്കുന്ന പല പോസ്റ്റുകളും കണ്ടു. അത്തരം അരാഷ്ട്രീയ വ്യക്തിഹത്യകള്‍ക്ക് മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷേ ആ മറുപടിയും തുടര്‍ ചര്‍ച്ചകളും ശ്രീക്കുട്ടനെ വേദനിപ്പിക്കരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ളതു കൊണ്ട് താന്‍ മൗനം പാലിക്കുകയാണെന്ന് ദീപാ നിശാന്ത് പറഞ്ഞു.