ക്രൂസ് സീസൺ ആരംഭിച്ചു; ആദ്യ ആഡംബര കപ്പൽ നവംബർ 18-ന് കൊച്ചിയിലെത്തും

കൊച്ചി: ക്രൂസ് സീസൺ ആരംഭിച്ചു. ആദ്യ ആഡംബര കപ്പലായ ‘സെലിബ്രിറ്റി എഡ്ജ്’ കൊച്ചി തുറമുഖത്ത് നവംബർ 18-ന് എത്തിച്ചേരും. സെലിബ്രിറ്റി എഡ്ജിന്റെ സഞ്ചാര പാത ദുബായ്-മുംബൈ-കൊച്ചി-കൊളംബോ എന്നിങ്ങനെയാണ്. കപ്പലിൽ മൂവായിരത്തോളം വിനോദസഞ്ചാരികളും 1,500 ജീവനക്കാരുമാണ് ഉണ്ടായിരിക്കുക.

രണ്ട് കപ്പൽ കമ്പനികളാണ് ഇത്തവണ ആഡംബര സർവീസ് നടത്തുന്നത്. സഞ്ചാരികളെ സ്വാഗതം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും കൊച്ചി തുറമുഖം സജ്ജമാക്കുന്നുണ്ട്.

ഈ സാമ്പത്തിക വർഷം 21 അന്താരാഷ്ട്ര കപ്പലുകളും 14 ആഭ്യന്തര സർവീസുകളുമാണ് കൊച്ചി തീരത്ത് എത്തുക. 34 അന്താരാഷ്ട്ര കപ്പലുകൾ 2024-25 സാമ്പത്തിക വർഷം എത്തും. കപ്പൽ കമ്പനികൾ സഞ്ചാരികൾക്കായുള്ള ബുക്കിങ്ങുകൾ ആരംഭിച്ചു. കേരളത്തിൽനിന്ന് ഇത്തവണ ആഡംബര കപ്പലുകളിൽ യാത്ര ചെയ്യുന്നതിനായുള്ള സഞ്ചാരികളുടെ ബുക്കിങ്ങിലും വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.