പ്യോങ്യാങ്: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ മിഡിൽ ഈസ്റ്റിലെ ഭീകരവാദ ഗ്രൂപ്പുകൾക്ക് ആയുധം വിറ്റേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഹമാസിനെ പിന്തുണയ്ക്കാൻ കിം ജോങ് ഉൻ തന്റെ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഉത്തര കൊറിയയുടെ ആയുധങ്ങൾ ഹമാസിന്റെ കൈവശം എത്തിയാൽ യുദ്ധം നീണ്ടുപോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹമാസിന് നേരത്തെ ഉത്തര കൊറിയ ആന്റി ടാങ്ക് റോക്കറ്റ് ലോഞ്ചറുകൾ നൽകിയിരുന്നു. യുദ്ധത്തിൽ നിന്ന് പ്രയോജനം നേടുന്നതിനായി കിം ജോങ് ഉൻ പലസ്തീനിന് പിന്തുണ നൽകാമെന്ന് വാഗ്ദാനം ചെയ്തതായി ദക്ഷിണ കൊറിയയുടെ നാഷണൽ ഇന്റലിജൻസ് ഏജൻസിയുടെ ഡയറക്ടർ കിം ക്യു-ഹ്യുൻ പറഞ്ഞു.
അതേസമയം ഹമാസ് തങ്ങളുടെ ആയുധങ്ങൾ ഉപയോഗിച്ചെന്ന അവകാശവാദങ്ങൾ തള്ളി പ്യോങ്യാങ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് യുഎസ് പ്രചരിപ്പിക്കുന്ന ‘അടിസ്ഥാനരഹിതവും വ്യാജവുമായ കിംവദന്തി’ ആണെന്നായിരുന്നു പ്യോങ്യാങ് അറിയിച്ചത്.

