മാസപ്പടി കേസ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ കീഴ്‌ക്കോടതി ഉത്തരവ് തെറ്റാണെന്ന് അമിക്കസ് ക്യൂറി

കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ കീഴ്‌ക്കോടതി ഉത്തരവ് തെറ്റാണെന്ന് വ്യക്തമാക്കി അമിക്കസ് ക്യൂറി. കേസിൽ തെളിവില്ലെന്ന കീഴ്‌ക്കോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ ശരിയല്ലെന്നാണ് അമിക്കസ് ക്യൂറി അറിയിച്ചത്.

ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് കോടതി പരിഗണിച്ചില്ലെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. സിഎംആർഎൽ കമ്പനിയുടെ സിഇഒയും സിഎഫ്ഒയും രാഷ്ട്രീയക്കാർക്ക് പണം നൽകിയിട്ടുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്. വിചാരണ കോടതി ഹർജി പ്രാഥമിക അന്വേഷണത്തിന് വിടണമായിരുന്നുവെന്നും അമിക്കസ് ക്യൂറി പറഞ്ഞു. വീണ വിജയനോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ, ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നും കുടുംബം കോടതിയെ അറിയിക്കുകയായിരുന്നു.

തുടർന്നാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.