കൊച്ചി: യുജിസി ചട്ടപ്രകാരം നിയമിക്കപ്പെട്ട പ്രിൻസിപ്പൽമാർ വീണ്ടും അപേക്ഷ സമർപ്പിച്ച് ഇന്റർവ്യൂവിന് ഹാജരാകണമെന്ന സർക്കാർ ഉത്തരവിൽ മേൽനടപടികൾ കൈക്കൊള്ളുന്നത് തടഞ്ഞ് ഹൈക്കോടതി. ഇന്റർവ്യൂ നടത്തി, പിഎസ്‌സി അംഗീകാരത്തോടെ തയ്യാറാക്കിയ പട്ടികപ്രകാരം നിയമിക്കപ്പെട്ട 36 പ്രിൻസിപ്പൽമാരോടാണ് വീണ്ടും അപേക്ഷ സമർപ്പിക്കണമെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിർദേശാനുസരണം സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തടഞ്ഞത്.
യുജിസി ചട്ടപ്രകാരം ഇന്റർവ്യൂ നടത്തി, പ്രിൻസിപ്പൽമാരായി നിയമനം നേടിയ തങ്ങളോട് വീണ്ടും ഇന്റർവ്യൂവിന് അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെടുന്ന സർക്കാർ ഉത്തരവ് ചോദ്യംചെയ്ത് സർക്കാർ കോളേജ് പ്രിൻസിപ്പൽമാരാണ് അപ്പീൽ നൽകിയത്. ഡോ ചിത്ര ത്രിവിക്രമൻ നായർ (ഗവ. കോളേജ് കാഞ്ഞിരംകുളം), ഡോ. ഷീലാ കുമാരി (ഗവ. കോളേജ്, നെടുമങ്ങാട്), ഡോ. മഞ്ജു രാമചന്ദ്രൻ (ഗവ. കോളേജ്, കുളത്തൂർ) എന്നിവരാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടമാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
ഹർജിയിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഇന്റർവ്യൂവിൽ പിഎസ്‌സിയുടെ അംഗീകാരത്തോടെ തയ്യാറാക്കിയ പ്രിൻസിപ്പൽ നിയമന പട്ടിക വീണ്ടും പരിശോധിക്കാൻ സർക്കാർ അപ്പീൽ കമ്മിറ്റിയെ നിയമിച്ച നടപടിയും ഹർജിയിൽ ചോദ്യംചെയ്തിട്ടുണ്ട്.

