ഫോൺ ചോർത്തൽ വിവാദം; ചൈനീസ് കമ്പനികളുടെ ഇടപെടലുണ്ടെന്ന സംശയത്തിൽ കേന്ദ്രം

ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ വിവാദത്തിൽ ചൈനീസ് കമ്പനികളുടെ ഇടപെടലുണ്ടെന്ന സംശയത്തിൽ കേന്ദ്ര സർക്കാർ. ഇന്ത്യയിലെ ആപ്പിൾ ഫോൺ നിർമാണം അട്ടിമറിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് പ്രധാനമായും സംശയിക്കപ്പെടുന്നത്. സുരക്ഷാ സന്ദേശങ്ങൾ സംബന്ധിച്ച് ആപ്പിൾ കമ്പനിയോട് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടു. അന്വേഷണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

മഹുവ മൊയ്ത്ര, ശശി തരൂർ, അഖിലേഷ് യാദവ്, പവൻ ഖേര തുടങ്ങിയ പ്രതിപക്ഷ നേതാക്കളാണ് ഫോൺ ചോർത്തുന്നതായുള്ള സന്ദേശം ലഭിച്ചതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ആപ്പിളിൽ നിന്ന് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചെന്നായിരുന്നു നേതാക്കളുടെ വെളിപ്പെടുത്തൽ. സർക്കാർ സ്‌പോൺസേർഡ് ടാപ്പിംഗാണെന്നും സർക്കാരിന്റെ ഭയം കാണുമ്പോൾ കഷ്ടം തോന്നുന്നുവെന്നുമായിരുന്നു വിഷയത്തിൽ മഹുവ മൊയ്ത്രയുടെ പ്രതികരണം.

പെഗാസസ് അടക്കമുള്ള ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ ചോർത്തിയെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഫോൺ ചോർത്തൽ ആരോപണം ഉയർന്നിട്ടുള്ളത്.