കൊച്ചി: കളമശേരിയിൽ കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
പരിക്കേറ്റ്് ചികിത്സയിലുള്ളത് ആകെ 21 പേരാണെന്നാണ് ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ. 16 പേർ ഐസിയുവിൽ ചികിത്സയിലാണ്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും 10 ശതമാനം പൊള്ളലേറ്റ 14 വയസുള്ള കുട്ടിയെ വാർഡിലേക്ക് മാറ്റിയെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മികച്ച ചികിത്സയാണ് സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് സർക്കാർ നൽകുന്നത്. പൊള്ളലേറ്റവരെ പരിചരിക്കുന്ന എല്ലാ ആശുപത്രികളും ഡോക്ടർമാരും നല്ല അർപ്പണ ബോധത്തോടെയാണ് പ്രവർത്തിക്കുന്നത്. നല്ല പരിചരണമാണ് ചികിത്സയിലുള്ളവർക്ക് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

