ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് നൽകിയതിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളിൽ ഇടപെടാൻ കമ്മീഷന് അധികാരം ഇല്ലെന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്.
കേരള ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. 26 പ്രതിപക്ഷ കക്ഷികൾ ചേർന്ന് ‘ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്’ രൂപീകരിച്ചതും ഇന്ത്യയെന്ന ചുരുക്ക പേര് നൽകിയതും ചോദ്യം ചെയ്ത് ഗിരീഷ് ഭരദ്വാജ് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചത്.

