ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രയുമായ അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി. കെജ്രിവാൾ നവംബർ രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ മാസത്തിലും മദ്യനയ കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയുടെ ജാമ്യഹർജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎൻ ഭട്ടി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

