തെറ്റായ മുന്നറിയിപ്പും ആകാം: ഫോൺ ചോർത്തൽ ആരോപണത്തിൽ പ്രതികരണവുമായി ആപ്പിൾ

ന്യൂഡൽഹി: പ്രതിപക്ഷ എംപിമാരുടെ ഫോണുകൾ ഭരണകൂട പിന്തുണയുള്ള ഹാക്കർമാർ ചോർത്തുന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി ഐ- ഫോൺ നിർമാതാക്കളായ ആപ്പിൾ. ഏതെങ്കിലും പ്രത്യേക ഭരണകൂടത്തിന്റെ ഹാക്കർമാരാണ് ചോർത്തലിന് പിന്നിലെന്ന് മുന്നറിയിപ്പുകൊണ്ട് ഉദ്ദേശിക്കുന്നില്ലെന്ന് ആപ്പിൾ വ്യക്തമാക്കുന്നു.

നോട്ടിഫിക്കേഷൻ തെറ്റായ മുന്നറിയിപ്പ് ആവാനുള്ള സാധ്യത ആപ്പിൾ മുന്നോട്ടുവെയ്ക്കുന്നുണ്ട്. അറ്റാക്കർമാർ രീതി മാറ്റാൻ സാധ്യതയുള്ളതിനാൽ ഏത് സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയതെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്നും ആപ്പിൾ ചൂണ്ടിക്കാട്ടി. ഭരണകൂട പിന്തുണയുള്ള ഹാക്കർമാർ വലിയ സാമ്പത്തിക സഹായം ലഭിക്കുന്നവരും സങ്കീർണ്ണമായ രീതിയിൽ പ്രവർത്തിക്കുന്നവരുമാണ്. അവർ സമായമസയങ്ങളിൽ ആക്രമണ രീതികൾ മാറ്റിക്കൊണ്ടിരിക്കുമെന്ന് ആപ്പിൾ പറഞ്ഞു.

അപൂർണ്ണവും തികവില്ലാത്തതുമായ ഇന്റലിജൻസ് സിഗ്നലുകളിൽ നിന്നാണ് ഇത്തരം അറ്റാക്കുകൾ കണ്ടെത്താൻ സാധിക്കുന്നത്. ചില മുന്നറിയിപ്പുകൾ തെറ്റാവാനും ചില ആക്രമണങ്ങൾ കണ്ടെത്താൻ സാധിക്കാതെ വരികയും ചെയ്യാമെന്നും ആപ്പിൾ അറിയിച്ചു.