കളമശ്ശേരി സ്‌ഫോടനം; പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്ന് കേന്ദ്രമന്ത്രി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ആളുകളെ കണ്ടെത്താൻ ഉടൻ നടപടി ഉണ്ടാകണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സ്‌ഫോടനം അതീവ ദുഃഖകരവും നടുക്കം ഉണ്ടാക്കുന്നതുമായ സംഭവമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം അസ്വസ്ഥത ഉണ്ടാക്കുന്നു. പ്രഥമ പരിഗണന കൊടുക്കേണ്ടത് പരിക്കേറ്റവരുടെ ചികിത്സക്കാണ്. ക്രൈസ്തവ കൂട്ടായ്മകൾക്കെതിരെ ഇത്തരം ആക്രമണം നടത്തിയത് ആരാണെന്ന് പുറന്ന് വരേണ്ടതുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേന്ദ്ര അന്വേഷണ ഏജൻസികളെ നിയോഗിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം വിശദമാക്കി.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.