കൊച്ചി: കളമശ്ശേരിയിൽ നടന്ന യഹോവാ സാക്ഷികളുടെ സമ്മേളനത്തിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി സിപിഎം. കേരളത്തിലെ ജനത സമാധാനപരമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ക്രമസമാധാന രംഗത്ത് ഇന്ത്യയിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. നാട്ടിൽ നിലനിൽക്കുന്ന സൗഹാർദപരമായ അന്തരീക്ഷം തകർക്കാനുള്ള ശ്രമം ഈ സ്‌ഫോടനത്തിന് പിന്നിലുണ്ടെന്ന് സിപിഎം വ്യക്തമാക്കി.
ഇവയ്ക്കെതിരെ നല്ല ജാഗ്രത പുലർത്തി മുന്നോട്ടുപോകാൻ കഴിയേണ്ടതുണ്ട്. ഈ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനുള്ള ജാഗ്രവത്തായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ ദുർബലപ്പെടുത്താൻ ഇത്തരം സംഭവങ്ങളെ ഉപയോഗപ്പെടുത്താനുള്ള പരിശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും സിപിഎം ആഹ്വാനം ചെയ്തു.

