51000 പേർക്ക് നിയമന ഉത്തരവ് കൈമാറി റോസ്ഗാർ മേള; വികസന വേഗതയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ദേശീയ തൊഴിൽമേളയായ റോസ്ഗാർ മേളയിൽ 51000 പേർക്ക് നിയമന ഉത്തരവ് കൈമാറി. രാജ്യ വ്യാപകമായി 37 സ്ഥലങ്ങളിലാണ് തൊഴിൽമേള സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി.വീഡിയോ കോൺഫറൻസിങ്ങിലൂടെയാമ് മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.പുനരുപയോഗ ഊർജം, പ്രതിരോധ വ്യവസായം, ഓട്ടോമേഷൻ തുടങ്ങി വളർന്നുവരുന്ന തൊഴിൽമേഖലകൾക്കൊപ്പം പരമ്പരാഗത മേഖലകളിലും സർക്കാർ തൊഴിലവസരങ്ങൾ വർധിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രനിർമ്മാണ പ്രക്രിയയുടെ ഭാഗമാണ് യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത്. എല്ലാ മേഖലയിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് വികസനത്തിന്റെ വേഗതയെ സൂചിപ്പിക്കുന്നു. വികസനവും ടൂറിസവും യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കും. കായികരംഗത്തെ മുന്നേറ്റങ്ങളും പുതുവഴികൾ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിൽ നൽകുക മാത്രമല്ല, സുതാര്യമായ ഒരു സംവിധാനം നിലനിർത്തുകയും ചെയ്യുന്നു. തൊഴിൽ വിജ്ഞാപനം മുതൽ നിയമനം വരേയുള്ള സമയവും കുറഞ്ഞു. ഇപ്പോൾ നിയമനങ്ങൾ നടക്കുന്നത് വേഗത്തിലാണ്. റെയിൽവേ, തപാൽ, ആഭ്യന്തരം, റവന്യൂ, ഉന്നത വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യ കുടുംബക്ഷേമം എന്നീ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായാണ് ഇപ്പോൾ നിയമനം നടത്തിയിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബർ മുതൽ ആരംഭിച്ച തൊഴിൽ മേളകളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്കാണ് നിയമന ഉത്തരവ് ലഭിച്ചതെന്നും തൊഴിൽമേള സുപ്രധാനമായ നാഴികക്കല്ലാണ് പിന്നിടുന്നതെന്നും നരേന്ദ്ര മോദി അറിയിച്ചു.

യുവാക്കളുടെ ഭാവിയോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ അടയാളമാണ് തൊഴിൽ മേളകളെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നിയമന ഉത്തരവ് ലഭിച്ചവർക്ക് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു.