കൊച്ചി: കളമശേരിയിലെ സ്‌ഫോടനത്തിന് തൊട്ടുമുമ്പ് കൺവെൻഷൻ സെന്ററിൽ നിന്ന് പുറത്തേക്കുപോയ നീലനിറത്തിലുള്ള കാറിനെക്കുറിച്ചുള്ള ദുരൂഹത വർദ്ധിക്കുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാറിന്റെ ആർ സി നമ്പർ വ്യക്തമായിരുന്നു. എന്നാൽ ഈ നമ്പർ ചെങ്ങന്നൂർ സ്വദേശിയുടെ വെള്ള നിറത്തിലുള്ള കാറിന്റേതാണെന്നാണ് പുറത്തു വരുന്ന വിവരം. ഈ വെള്ള കാർ ദിവസങ്ങളായി വീടിന് പുറത്തുണ്ടെന്ന് ഉടമയുടെ പിതാവ് അറിയിച്ചു.
വ്യാപകമായി പരിശോധന നടത്തിയിട്ടും നീല നിറത്തിലുളള കാർ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ച ആൾ നീല നിറത്തിലുള്ള കാറിലായിരിക്കാം രക്ഷപ്പെട്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. കളമശ്ശേരിയിൽ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ ഇന്ന് രാവിലെയാണ് സ്‌ഫോടനം ഉണ്ടായത്. സംഫോടനത്തിൽ ഒരാൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
സംഭവ സ്ഥലത്ത് ബാഗുമായി ഒരാൾ കറങ്ങി നടക്കുന്നത് കണ്ടുവെന്ന് സ്‌ഫോടനത്തിൽ പരിക്കേറ്റ ചിലർ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, കൺവെൻഷൻ സെന്ററിൽ ബോംബുവച്ചെന്ന് അവകാശപ്പെട്ട് ഒരാൾ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിട്ടുണ്ട്. ഡൊമിനിക് മാർട്ടിൻ എന്നയാളാണ് കീഴടങ്ങിയത്. താനും യഹോവ സാക്ഷി വിശ്വാസിയാണെന്നാണ് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് പുറത്തുവിട്ട വീഡിയോയിൽ മാർട്ടിൻ പറയുന്നത്
താൻ പതിനാറ് വർഷമായി ഇതേ സഭയിലെ വിശ്വാസിയാണ്. യഹോവ സാക്ഷികൾ രാജ്യദ്രോഹപരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് വർഷങ്ങൾക്കുമുമ്പ് ബോദ്ധ്യപ്പെട്ടതാണ്. തിരുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടായില്ല. ഇതിനെതിരെ തന്നെപ്പോലുള്ളവർ പ്രതികരിക്കുമെന്നായിരുന്നു ഇയാൾ വീഡിയോയിൽ വ്യക്തമാക്കിയിരുന്നത്. മാർട്ടിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

