ശശി തരൂരിനെ പിന്തുണച്ച് കെ.മുരളീധരൻ എംപി

മുസ്‍ലിം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലെ പ്രസംഗത്തിലുണ്ടായ വിവാദ പരാമർശത്തിൽ ശശി തരൂരിനെ പിന്തുണച്ച് കെ.മുരളീധരൻ എംപി.ശശി തരൂരിന്റെ പ്രസംഗം പലസ്തീനൊപ്പവും ഇസ്രയേലിന് എതിരായിട്ടാണെന്നും അവിടെ പ്രസംഗിച്ചതിൽ ഒരു വാചകം ഒഴിച്ച് ബാക്കി എല്ലാം പാർട്ടി നിലപാടാണെന്നും മുരളീധരൻ പറഞ്ഞു. റാലിയിൽ ഹമാസിനെ ഭീകരർ എന്നായിരുന്നു തരൂർ വിശേഷിപ്പിച്ചത്.

‘‘ഒക്ടോബർ ഏഴിനു നടന്ന സംഭവത്തെ ഭീകരാക്രമണമായിട്ടു കോൺഗ്രസ് അംഗീകരിക്കുന്നില്ല. ശശി തരൂർ ഇതുവരെ സ്വീകരിച്ച ബിജെപി വിരുദ്ധ നിലപാടുകളെ ഒരു വാചകത്തിന്റെ പേരിൽ അംഗീകരിക്കാതിരിക്കാൻ പറ്റില്ല. അദ്ദേഹം ആന്റി ബിജെപിയാണ്, പ്രോ പലസ്തീനാണ്. ഇസ്രയേൽ അനുകൂലിയല്ല. തരൂരിനെ ദുർബലമാക്കുന്നതു തിരുവനന്തപുരത്ത് ബിജെപിയെ സഹായിക്കും. അതുകൊണ്ടാണ് ബിജെപി നേതാക്കന്മാർക്ക് ഇപ്പോൾ തരൂർ പ്രേമം തുടങ്ങിയിരിക്കുന്നത്.അദ്ദേഹം അതു മനസിലാക്കി പ്രവർത്തിക്കുമെന്ന് കരുതുന്നു.’’– മുരളീധരൻ പറഞ്ഞു.