നൽകാനുള്ളത് 700 കോടി; അയൽസംസ്ഥാനക്കാർ സപ്ലൈകോയെ കരിമ്പട്ടികയിൽപ്പെടുത്തി

തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങൾ കരിമ്പട്ടികയിൽപ്പെടുത്തി മാറ്റിനിർത്തുന്ന അവസ്ഥയിലാണ് ഇപ്പോൾ സപ്ലൈക്കോ. സപ്ലൈകോയ്ക്ക് സാധനങ്ങൾ ഇനി കൊടുക്കേണ്ടതില്ല എന്ന തീരുമാനമാണ് തമിഴ്‌നാട്, കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ വിതരണക്കാർ. ഭക്ഷ്യവസ്തുക്കളുടെ വിലയായ 700 കോടി നൽകാത്ത സാഹചര്യത്തിലാണ് ഇവരുടെ തീരുമാനം.

സപ്ലൈക്കോയിൽ സാധനങ്ങൾ എത്തിക്കുന്നത് 182 വിതരണക്കാരാണ്. അടുത്ത ആഴ്ച മൂന്ന് സംസ്ഥാനങ്ങളിലേയും വ്യാപാരികൾ യോഗം ചേരുന്നതാണ്. ഔദ്യോഗികമായി തീരുമാനം അംഗീകരിച്ച് സർക്കാരിനെ അറിയിക്കുന്നതിനായാണ് യോഗം ചേരുക. 700 കോടിയിൽ പകുതിയെങ്കിലും കിട്ടിയില്ലെങ്കിൽ പലിശ ഉൾപ്പെടെ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും വ്യാപാരികൾ പദ്ധതിയിടുന്നുണ്ട്.

കഴിഞ്ഞ മാർച്ച് മുതലുള്ള തുകയാണ് ലഭിക്കാനുള്ളത്. കിട്ടാനുള്ള തുക 600 കോടി കടന്നതോടെ കഴിഞ്ഞ ജൂലായിൽ വിതരണം നിർത്തിയിരുന്നു. എന്നാൽ, ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഇടപെട്ട് ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണ് ഓണച്ചന്തകൾ നടന്നത്. ഓണത്തിന് മുമ്പ് 120 കോടി രൂപയാണ് വിതരണക്കാർക്ക് ലഭിച്ചത്. ബാക്കി തുക ഉടൻ നൽകുമെന്ന സർക്കാർ ഉറപ്പിലാണ് സാധനങ്ങൾ എത്തിച്ചത്. ഇത് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് കടക്കാൻ വിതരണക്കാർ തീരുമാനിച്ചത്.