ന്യൂഡൽഹി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കാനുള്ള നിയമ ഭേദഗതിയ്ക്ക് നിർദേശം നൽകി പാർലമെന്ററി പാനൽ. ബിജെപി എംപി ബ്രിജ് ലാലിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹിതയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷനെ ശിക്ഷിക്കുന്നതായിരുന്നു 497-ാംവകുപ്പ്. കുറ്റം തെളിഞ്ഞാൽ പുരുഷന് അഞ്ച് വർഷം തടവ് ശിക്ഷ പുരുഷന് ലഭിക്കും. എന്നാൽ, സ്ത്രീയെ നിയമനടപടിയിൽ നിന്നൊഴിവാക്കിയിരുന്നു. നിയമത്തിൽ ലിംഗ-നിഷ്പക്ഷ വകുപ്പ് ചേർക്കാനും പുരുഷന്മാരും സ്ത്രീകളും ട്രാൻസ് വ്യക്തികളും തമ്മിലുള്ള പരസ്പര സമ്മതത്തോടെ അല്ലാതെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനും കരട് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
സ്വവർഗരതിയെ ക്രിമിനൽ കുറ്റമാക്കിയ ഐപിസിയുടെ 377-ാം വകുപ്പ് 2018ലെ സുപ്രീം കോടതിയുടെ സുപ്രധാന വിധിയിൽ ഭാഗികമായി റദ്ദാക്കപ്പെട്ടിരുന്നു. അനധികൃത സമരങ്ങളും പ്രകടനങ്ങളും നടത്തുന്നവർക്കുള്ള ശിക്ഷ നിലവിലുള്ള രണ്ട് വർഷത്തിൽ നിന്ന് പരമാവധി ഒരു വർഷമായി കുറയ്ക്കണമെന്നും കരട് റിപ്പോർട്ടിൽ നിർദേശിക്കുന്നു. അശ്രദ്ധമൂലമുള്ള മരണങ്ങൾക്കുള്ള ശിക്ഷ നിലവിലുള്ള ആറ് മാസത്തിൽ നിന്ന് അഞ്ച് വർഷമായി ഉയർത്താനും സമിതി നിർദ്ദേശിക്കുന്നു.

