കൊല്ലം: കളമശ്ശേരി സ്ഫോടനം സംബന്ധിച്ച യാഥാർത്ഥ്യങ്ങൾ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും ആരും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. നിരായുധരായി പ്രാർത്ഥിക്കുന്ന നിഷ്‌കളങ്കരായ സഹോദരങ്ങളെ ആക്രമിച്ചത് ആരായാലും അവർ കടുത്ത ശിക്ഷ അർഹിക്കുന്നുണ്ടെന്ന് നേതാക്കൾ വ്യക്തമാക്കി.
അവരെ ഉടൻ കണ്ടെത്തി തക്ക ശിക്ഷ ഉറപ്പ് വരുത്തണം. ഊഹാപോഹങ്ങൾ പരത്താതെ സമാധാനത്തിന് വേണ്ടി ശ്രമിക്കണം. സർക്കാർ ഗൗരവത്തിൽ ഇക്കാര്യം കൈകാര്യം ചെയ്യണം. കേരളം ഒറ്റക്കെട്ടായി ഇത്തരം പ്രണതകളെ നേരിടണം. നിയമത്തിന്റെ ഉരുക്ക് മുഷ്ടി കൊണ്ട് ഇത്തരക്കാരെ നേരിടണം. സത്യാവസ്ഥ പോലീസ് കണ്ടെത്തുന്നത് വരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. കേരളത്തിന്റെ സമാധാനം നിലനിർത്തണമെന്നും നേതാക്കൾ പറഞ്ഞു.
ദൈവത്തിന്റെ സ്വന്തം നാട് എന്നും ഭീകര പ്രവർത്തനങ്ങളെ പ്രതിരോധിച്ചവരാണ്. ഊഹാപോഹങ്ങളിൽ വീഴാതെ, വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ വിജയിക്കാൻ അനുവദിക്കാതെ കേരളം ഈ അക്രമത്തെയും അതിജയിക്കും. സോഷ്യൽ മീഡിയ ഉപയോഗിക്കേണ്ടത് സമൂഹത്തിന്റെ ഭദ്രതക്ക് വേണ്ടിയാണെന്നും ശിഥിലീകരണമുണ്ടാക്കുന്ന പ്രചാരണം നടത്തരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

