കൊൽക്കത്ത: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ പശ്ചിമ ബംഗാൾ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക് കോടതിയിൽ ബോധം കെട്ടുവീണു. കോടികളുടെ റേഷൻ വിതരണ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണകേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കുന്നതിനിടെ മന്ത്രി കുഴഞ്ഞവീഴുകയായിരുന്നു. തുടർന്ന് വിശ്രമിക്കാനായി മന്ത്രിയെ ബാൽക്കണിയിലേക്ക് കൊണ്ടു പോയി.
വെള്ളിയാഴ്ച്ചയാണ് കോടികളുടെ റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പശ്ചിമ ബംഗാൾ മന്ത്രി ജ്യോതിപ്രിയോ മല്ലിക്കിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. 18 മണിക്കൂർ നേരമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിനൊടുവിലാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് മന്ത്രിയെ ജോക്കയിലെ ഇഎസ്‌ഐ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മന്ത്രി അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് ഇഡിയുടെ ആരോപണം. കേസുമായി ബന്ധപ്പെട്ട് പല നിർണായക വിവരങ്ങളും മന്ത്രിയ്ക്ക് അറിയാമെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. അതേസമയം, താൻ ഗൂഢാലോചനയുടെ ഇരയാണെന്നാണ് ജ്യോതിപ്രിയോ മല്ലിക് പറയുന്നത്. തനിക്കും ടിഎംസിക്കുമെതിരെ ബിജെപി നേതാവ് സുവേന്ദു അധികാരി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

