ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; വാർത്താവിതരണ സംവിധാനങ്ങൾ തകർന്നു

ടെൽ അവീവ്: ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഉഗ്രസ്‌ഫോടനങ്ങളാണ് ഗാസയിൽ ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. ഗാസയിൽ ഇതുവരെ നടത്തിയ ആക്രമണങ്ങളിൽ വച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഗാസയിലെ വാർത്താവിതരണ സംവിധാനങ്ങൾ തകർന്നു. വാർത്താവിനിമയ ബന്ധം നിലച്ചതോടെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്.

ഇന്റർനെറ്റ് ബന്ധം ഇസ്രയേൽ വിച്ഛേദിച്ചുവെന്ന ആരോപണമാണ് ഹമാസ് മുന്നോട്ടുവെയ്ക്കുന്നത്. മൊബൈൽ ഇന്റർനെറ്റ് സംവിധാനവും പൂർണമായി തകർന്നുവെന്ന് ഗാസയിലെ മൊബൈൽ കമ്പനി പറയുന്നു. ഗാസ മുനമ്പിലെ ആശുപത്രികൾ സൈനിക ആവശ്യങ്ങൾക്കായി ഹമാസ് ദുരുപയോഗം ചെയ്യുന്നുവെന്ന് ഇസ്രയേൽ സൈന്യം ആരോപിക്കുന്നു.

കര വഴിയുള്ള സൈനിക നീക്കം ശക്തമാക്കാനാണ് ഇസ്രയേലിന്റെ ശ്രമം. ഇതിന് മുന്നോടിയായാണ് ഗാസ നഗരത്തിൽ കനത്ത വ്യോമാക്രമണം ഇസ്രയേൽ നടത്തുന്നത്. ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 7028 കടന്നു.