വിഴിഞ്ഞം; ഔട്ടർ റിംഗ് റോഡിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന എട്ട് സാമ്പത്തിക ഇടനാഴികൾ….

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടനുബന്ധിച്ചുള്ള നിർദ്ദിഷ്ട ഔട്ടർ റിംഗ് റോഡിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന എട്ട് സാമ്പത്തിക ഇടനാഴികളുടെ നടപടികൾ അടുത്തവർഷം ആരംഭിച്ചേക്കും. നിലവിൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ പരിഗണനയിലാണ് ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ എന്ന പദ്ധതിയുടെ മാസ്റ്റർ പ്ലാൻ.

പദ്ധതി ലക്ഷ്യമിടുന്നത് തുറമുഖത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള സാമ്പത്തിക വളർച്ചയാണ്. 34,000 കോടി രൂപയുടേതാണ് പദ്ധതി. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാന നഗരിയുടെ പ്രാന്തപ്രദേശങ്ങളിൽ വ്യാവസായിക വികസനം നടപ്പാകും. 78 കിലോമീറ്റർ ദൈർഘ്യമുള്ള റിംഗ് റോഡിലെ വിഴിഞ്ഞം (ലോജിസ്റ്റിക്സ് ആൻഡ് ഇൻഡസ്ട്രിയൽ ഹബ്ബ്), കോവളം (ഹെൽത്ത് ടൂറിസം ഹബ്ബ്), കാട്ടാക്കട (ഗ്രീൻ ആൻഡ് സ്മാർട്ട് ഇൻഡസ്ട്രി ക്ലസ്റ്റർ), നെടുമങ്ങാട് (റീജിയണൽ ബിസിനസ് ആൻഡ് ഇൻഡസ്ട്രിയൽ ഹബ്ബ്),വെമ്പായം (ഫാർമ ആൻഡ് ഫുഡ് പ്രോസസിംഗ് ക്ലസ്റ്റർ), മംഗലപുരം (ലൈഫ് സയൻസ് ആൻഡ് ഐ.ടി ക്ലസ്റ്റർ), കിളിമാനൂർ, കല്ലമ്പലം (അഗ്രോ ഫുഡ് പ്രോസസിംഗ് എക്യുപ്മെന്റ് ക്ലസ്റ്റർ) എന്നിവിടങ്ങളിലായി 414 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് സാമ്പത്തിക ഇടനാഴികൾ വരിക.

വിഴിഞ്ഞത്താണ് ആദ്യ സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നത്. മംഗലപുരത്താണ് രണ്ടാമത്തേത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനാൽ സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാകില്ലെന്നതാണ് മറ്റൊരു സവിശേഷത.