ജയ്പുർ: രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി കർശനമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊത്തശ്രയുടെ വസതിയിൽ ഉൾപ്പെടെ ആറിടങ്ങളിലാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. ദൊത്തശ്രയുടെ വസതിയ്ക്ക് പുറമേ മഹുവയിലെ സ്ഥാനാർഥി ഓം പ്രകാശ് ഹുഡ്ലയുടെ വസതിയടക്കം മറ്റ് ആറിടങ്ങളിലും എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി. ചോദ്യപ്പേപ്പർ ചോർച്ചക്കേസുമായി ബന്ധപ്പെട്ടാണ് നടപടി.
മുഖ്യമന്ത്രി അശോക് ഗഹ്ലോതിന്റെ മകൻ വൈഭവ് ഗഹ്ലോതിനെ ഇഡി ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് വൈഭവ് ഗഹ്ലോത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഡൽഹിയിലോ ജയ്പുരിലോ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. വെള്ളിയാഴ്ച്ചയാണ് ചോദ്യം ചെയ്യലിന് എത്തേണ്ടത്.
അതേസമയം, വ്യാഴാഴ്ച എൻഫോഴ്‌സ്‌മെന്റ് പശ്ചിമബംഗാൾ മന്ത്രിയുടെ വീട്ടിലും റെയ്ഡ് നടത്തി. റേഷൻ വിതരണത്തിൽ അഴിമതി ആരോപിച്ചുള്ള കേസിലാണ് വനംമന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ സാൾട്ട്ലേക്കിലെ വീട്ടിലായിരുന്നു പരിശോധന. മന്ത്രിയുമായി ബന്ധപ്പെട്ട എട്ടിടങ്ങളിൽ റെയ്ഡ് നടന്നു.

