സോളാർ പീഡനക്കേസില്‍ പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെയാണ് പരാതിക്കാരി ഹർജി നൽകിയത്. കോൺഗ്രസ് നേതാവാണ് കെ സി വേണുഗോപാൽ. ഹർജിയെ തുടർന്ന് കോടതി നോട്ടീസ് അയച്ചു. ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയാണ് കെ സി വേണുഗോപാലിന് സിബിഐ ക്ലീൻ ചിറ്റ് നല്‍കിയിരുന്നത്.
കേന്ദ്രമന്ത്രിയായിരിക്കെ കെ സി വേണുഗോപാല്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആക്ഷേപം. പീഡനസമയത്ത് ധരിച്ചതായി പറയുന്ന രണ്ട് സാരികളും പരാതിക്കാരി ഹാജരാക്കിയിരുന്നു. എന്നാൽ ശാസ്ത്രീയപരിശോധന കൂടി നടത്തിയാണ് പരാതി സിബിഐ തള്ളിയത്. വേണുഗോപാലിനെതിരെയായി ചിത്രീകരണാരോപണവും ഉയർന്നിരുന്നു.
ഇതും വ്യാജമാണെന്ന് സിബിഐ അന്വേഷണ റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനെതിരായ കേസിലെ സിബിഐയുടെ നിലപാട് എന്തായിരിക്കുമെന്നതില്‍ ഏറെ രാഷ്ട്രീയപ്രാധാന്യം ഉണ്ടായിരുന്നു.

