ഇന്ത്യന്‍ ജനത പലസ്തീന് ഒപ്പം; പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഇസ്രയേലിന്റെ മൂർച്ചയേറിയ ആയുധങ്ങളേക്കാൾ വലുതാണ് കോഴിക്കോട് ബീച്ചിൽ പലസ്തീനു വേണ്ടി തടിച്ചുകൂടിയ ജനസാഗരമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പലസ്തീനികൾ നമ്മളെ മുറിവേൽപ്പിച്ച് മരിച്ചുവീഴുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്ത് മനസാക്ഷി മരവിച്ച് നിൽക്കുന്നു. പലസ്തീനായി നമ്മൾ നമ്മുടെ പ്രാർത്ഥന സമർപ്പിക്കുന്നു. ഈ റാലി ഫലം കാണുമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പ്രാർത്ഥനയാണ് ഏറ്റവും വലിയ ആയുധം. ലോകം മുഴുവൻ കൊലപാതകങ്ങളെ അപലപിക്കുകയാണ്. ഇസ്രയേലിന്റെ മൂർച്ചയേറിയ ആയുധങ്ങളേക്കാൾ ശക്തമാണ് പൊതുജനാഭിപ്രായം. ഇന്ത്യൻ ജനത പലസ്തീന് ഒപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ അനുകൂല റാലിയിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ശശി തരൂരാണ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത്. പലസ്തീൻ വിഷയം മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ലെന്ന് ശശി തരൂർ വ്യക്തമാക്കി.