വവ്വാലുകളിൽ നിപ സാന്നിധ്യം

വവ്വാലുകളിൽ നിപ സാന്നിധ്യം. വയനാട്ടിലെ ബത്തേരി,മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണ് നിപ സാന്നിധ്യ സ്ഥിതീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞത്. ഐ.സി.എം.ആര്‍. ആണ് ഇക്കാര്യം അറിയിച്ചത്.

മുന്‍ വര്‍ഷങ്ങളിലെ അതേ വൈറസാണ് ഈ വര്‍ഷവും കണ്ടെത്തിയതെന്നും വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്നും പൊതുജാഗ്രതയുടെ ഭാഗമായാണ് ഐ.സി.എം.ആര്‍. ഇക്കാര്യം അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഈ മേഖലകളിൽ കൂടുതൽ പരിശോധന നടത്തിയതിനെ തുടർന്നാണ് നിപ സാന്നിധ്യം കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതു ജാഗ്രത ഉണ്ടാകണം.

ഗുരുതര ശ്വാസകോശ രോഗങ്ങളുമായി വരുന്നവരില്‍ നിപ മുൻകരുതൽ എടുക്കുന്നതിന് ആവശ്യമായ പരിശീലനം എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് നിപ വ്യാപനത്തിലെ ഇന്‍ക്യുബേഷന്‍ പീരിയഡ് 42-ാമത്തെ ദിവസമായ വ്യാഴാഴ്ച പൂര്‍ത്തിയാക്കാനിരിക്കെയാണ് വയനാട്ടിലെ നിപ സ്ഥിതീകരണം.

രോഗം ആദ്യമേ തിരിച്ചറിയാൻ കഴിയുകയും വേണ്ട നടപടികൾ സ്വീകരിക്കാൻ കഴിയുകയും ചെയ്തു. 70 ശതമാനംവരെ മരണ നിരക്കുള്ള പകര്‍ച്ചവ്യാധിയാണ് നിപ. അതിനെ 33 ശതമാനത്തിലേക്ക് എത്തിച്ച് നിയന്ത്രിക്കാനായി. കോഴിക്കോട് ജില്ലയ്ക്ക് മാത്രമായി എസ്.ഒ.പി. തയ്യാറാക്കും. വ്യാഴാഴ്ച മുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.