ബംഗ്ലാദേശിൽ ട്രെയിൻ അപകടം; 15 പേർ കൊല്ലപ്പെട്ടു, 100 ൽ അധികം പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശിൽ ട്രെയിൻ അപകടം. രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കിഴക്കൻ നഗരമായ ഭൈരാബിൽ ചരക്ക് ട്രെയിൻ പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.

സംഭവത്തിൽ 15 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിവരം. കൂട്ടിയിടിയെ തുടർന്ന് രണ്ട് പാസഞ്ചർ ട്രെയിനുകൾ പാളം തെറ്റുകയും ചെയ്തു.

ധാക്കയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ വടക്കുകിഴക്കായാണ് അപകടം നടന്നത്. ചരക്ക് ട്രെയിൻ പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും ബംഗ്ലാദേശ് റെയിൽവേ അധികൃതർ പറഞ്ഞു.