തിരുവനന്തപുരം: മാത്യു കുഴൽനാടന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എന്നിട്ടും തെറ്റിദ്ധാരണ പരത്തുന്നതും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തരം കിട്ടിയതിന് നന്ദിയും നല്ല നമസ്‌കാരവും പറഞ്ഞ് ഈ എപ്പിസോഡ് അവസാനിപ്പിക്കുകയാണ് കുഴൽനാടാൻ ചെയ്യേണ്ടതെന്നും അദ്ദേഹം അറിയിച്ചു.
നികുതി സംബന്ധിച്ച് സാധാരണ ഗതിയിൽ ഏതെങ്കിലും സ്ഥാപനത്തിന്റെയോ അവരുടെ വ്യക്തിപരമായ കാര്യങ്ങളോ പുറത്തുപറയാറില്ല. അതാണ് നിയമപരമായ വശമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
എംഎൽഎ എന്ന നിലയിൽ ഒരു സ്ഥാപനത്തിന്റെ പേര് പറഞ്ഞ് മാത്യു കുഴൽനാടൻ തനിക്ക് ഒരു കത്ത് നൽകിയിരുന്നു. ആ സ്ഥാപനം ഐ.ജി.എസ്.ടി വഴി ടാക്സ് അടച്ചത് കേരളത്തിന് കിട്ടിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അതിനുള്ള മറുപടി വകുപ്പ് നൽകി. മറുപടി കിട്ടിക്കഴിഞ്ഞിട്ടും ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കേണ്ട കാര്യമില്ലെന്നും ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് മറ്റൊരു കാര്യം പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

