2035 ൽ സ്‌പേസ് സ്റ്റേഷൻ നിർമിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്; ഡോ എസ് സോമനാഥ്

തിരുവനന്തപുരം: 2035 ൽ സ്‌പേസ് സ്റ്റേഷൻ നിർമിക്കണം എന്നാണ് ഉദ്ദേശിക്കുന്നതെന്ന് ഐ എസ് ആർ ഒ ചെയർമാൻ ഡോ എസ് സോമനാഥ്. അതിനു വേണ്ടിയാണ് ആദ്യ പടിയായി മനുഷ്യനെ ബഹിരാകാശത്ത് കൊണ്ട് പോകുന്നതടക്കം പരീക്ഷണത്തിലേക്ക് കടക്കുന്നതെന്നും ഭാരതീയ സ്‌പേസ് സ്റ്റേഷൻ ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഗഗൻയാൻ ദൗത്യം ഒരു തുടക്കം മാത്രമാണ്. വലിയൊരു ദൗത്യമാണിത്. വിക്ഷേപണം വളരെ വിജയകരമായിരുന്നു. സ്ത്രീ ഹ്യൂമനോയ്ഡ് ഉണ്ടാക്കി കഴിഞ്ഞു. ആളില്ലാത്ത പരീക്ഷണത്തിൽ അത് ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വനിത പൈലറ്റുമാരെ ആവശ്യമാണ്. വനിത പ്രാതിനിധ്യം ആണ് വേണ്ടത്. ചന്ദ്രയാൻ 3 യിൽ എത്രയോ വനിതകൾ പ്രവർത്തിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം കഴിഞ്ഞ ദിവസം വിജയകരമായി നടത്തിയിരുന്നു. അടിയന്തര സാഹചര്യത്തിൽ ബഹിരാകാശ സഞ്ചാരികളെ റോക്കറ്റിൽ നിന്ന് സുരക്ഷിത പുറത്തെത്തിക്കാനുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമാണ് നടന്നത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്.