തിരുവനന്തപുരം: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ. മാസപ്പടി വിവാദത്തിലാണ് അദ്ദേഹം മാത്യു കുഴൽനാടനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. മാത്യു വീണിടം വിദ്യയാക്കുന്നുവെന്ന് എ കെ ബാലൻ വ്യക്തമാക്കി. മാസപ്പടി എന്ന് പറയാൻ തലയിൽ വെളിച്ചമുള്ളവർക്ക് കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.
മാത്യു കുഴൽനാടൻ ഉന്നയിച്ചിട്ടുള്ളത് രണ്ട് ആരോപണമാണ്. ജിഎസ്ടി കൊടുത്തിട്ടില്ല, സർവീസ് കൊടുക്കാതെ മാസപ്പടി വാങ്ങുന്നു എന്നീ ആരോപണങ്ങളാണ് മാത്യു കുഴൽനാടൻ ഉന്നയിച്ചിട്ടുള്ളത്. ഇത് രണ്ടിനും പൊതുസമൂഹത്തിന് ബോധ്യപ്പെടാവുന്ന രൂപത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പുല്ലുവില കല്പിച്ചുകൊണ്ട് നേരത്തെ തന്നെ മറുപടി നൽകിയതാണ്. വീണയോടും കുടുംബത്തോടും മാപ്പ് പറയുന്നതിന് പകരം വീണിടം വിദ്യയാക്കുകയാണ് കുഴൽനാടനെന്നും അദ്ദേഹം വ്യക്തമാക്കി.
മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളിലേക്ക് നിയമപരമായ നികുതി അടച്ചത് മാസപ്പടിയല്ല. ഉത്തരവാദിത്വത്തോടെയാണ് കുഴൽനാടൻ ഇത് പറയുന്നതെങ്കിൽ അദ്ദേഹത്തിന് കോടതിയിൽ പോകാം. കുഴൽനാടൻ ഓരോ ദിവസവും ഓരോന്ന് പറയുകയാണെന്നും അദ്ദേഹം വിമർശിച്ചു.

