ഇടുക്കി: മരിക്കുന്നത് വരെ എംഎൽഎയും എംപിയും ആകണം എന്ന് പറയുന്നത് അസംബന്ധമാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി. പി ജെ ജോസഫിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ചത്തതിനൊക്കുമേ ജീവിച്ചിരിക്കും എന്നു പറയുന്നതുപോലെയാണ് കാര്യങ്ങൾ. ഇനി ചെറുപ്പക്കാർ വരട്ടെ. തനിക്കും വയ്യാതെയായി. ചാകുന്നത് വരെ എംഎൽഎ ആയിരിക്കാൻ തന്നെ കിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പി ജെ ജോസഫിന്റെ കാലം കഴിഞ്ഞു. തന്റേത് കഴിയാൻ പോകുന്നുവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പി ജെ ജോസഫിനെതിരെ എം എം മണി നടത്തിയത് അസംബന്ധ പ്രസ്താവനയാണെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. മാന്യതക്ക് നിരക്കാത്തതും അങ്ങേയറ്റം അപഹാസ്യവുമായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം എം മണിയുടെ ചിലവിലല്ല ഇടുക്കിയിലെ ജനപ്രതിനിധികൾ ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

