ഒട്ടാവ: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയിൽ നിന്ന് കൂടുതൽ നയതന്ത്രജ്ഞരെ തിരിച്ചയക്കുന്നത് ഇരു രാജ്യത്തെയും പൗരന്മാരുടെ സാധാരണ ജീവിതത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്നാണ് ട്രൂഡോ വ്യക്തമാക്കുന്നത്. ഇന്ത്യയിലെയും കാനഡയിലെയും ലക്ഷക്കണക്കിനു പേരുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നതാണ് ഇന്ത്യയുടെ തീരുമാനം. നയതന്ത്ര ബന്ധത്തിന്റെ അടിസ്ഥാന തത്ത്വങ്ങളേപ്പോലും മാനിക്കാതെയുള്ള നീക്കമാണ് ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നതെന്നും ട്രൂഡോ പറഞ്ഞു.
ഇന്ത്യയിൽ വേരുള്ള നിരവധി ആളുകൾ കാനഡയിലുണ്ട്. അവരുടെ സന്തോഷം കൂടി ഇല്ലാതാക്കുന്ന രീതിയിലാണ് ഇന്ത്യയുടെ നീക്കങ്ങളെന്നും ട്രൂഡോ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം 41 നയതന്ത്രജ്ഞരെയാണ് കാനഡ തിരിച്ചുവിളിച്ചത്. നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന ഇന്ത്യയുടെ ഭീഷണിയെ തുടർന്നായിരുന്നു നടപടി. ജൂണിൽ ഖലിസ്ഥാൻ വാദി ഹർദിപ് സിങ് നിജ്ജർ കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന ട്രൂഡോയുടെ പ്രസ്താവനയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.

