തിരുവനന്തപുരം: ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ ബഹിഷ്‌ക്കരിച്ച് കണ്ണൂരിലെ പ്രമുഖ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ്. മന്ത്രി പി രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാൽ, സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കേണ്ടതില്ല എന്ന് മരിയൻ അപ്പാരൽസ് ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേൽ പോലീസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ പ്രമുഖ വസ്ത്രനിർമ്മാണ കമ്പനിയാണ് മരിയൻ അപ്പാരൽസ്. യഥാർത്ഥത്തിൽ, ലോകമാകെ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥാപനം കേരളത്തിലുണ്ടെന്നത് ഇവിടെ ചർച്ചാ വിഷയമായത് ഇപ്പോഴാണെന്നതാണ് കൗതുകം. ആഗോളാടിസ്ഥാനത്തിൽ വൻ വിപണിയുള്ള സ്ഥാപനമാണ് മരിയൻ അപ്പാരൽസ്. ഇസ്രായേൽ പോലീസിന് 2015 മുതൽ മരിയൻ അപ്പാരൽ യൂണിഫോം നൽകുന്നുണ്ടായിരുന്നു. പൂർണമായും എക്സ്പോർട്ട് മേഖലയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇസ്രായേൽ പോലീസിനു മാത്രമല്ല ഫിലപ്പീൻ ആർമി, ഖത്തർ എയർഫോഴ്സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി യൂണിഫോമുകൾ എന്നിവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നിൽ ഈ വസ്ത്ര നിർമാണ കമ്പനിയുടെ സാന്നിധ്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാളിയായ തോമസ് ഓലിക്കൽ നേതൃത്വം നൽകുന്ന കമ്പനി 2008 മുതൽ കണ്ണൂർ കൂത്തുപറമ്പിൽ പ്രവർത്തിക്കുന്ന നിർമാണ യൂണിറ്റിലാണ് യൂണിഫോമുകളെല്ലാം നിർമിക്കുന്നതും പായ്ക്ക് ചെയ്യുന്നതും. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ടീമും മരിയൻ അപ്പാരലിൽ ഉണ്ട്. ഇന്ന് 1,500ഓളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. ഇവരിൽ ഭൂരിഭാഗവും സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. 95 ശതമാനം ജീവനക്കാരും വനിതകളാണ്. മികച്ച ടീം വർക്കിലൂടെ രാജ്യാന്തര നിലവാരത്തിൽ ഉൽപ്പാദനം സാധ്യമാകുന്നു. യൂണിഫോമുകളിൽ മാത്രം ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് കൊണ്ട് ഫാഷൻ മാറുന്നതനുസരിച്ച് ഉൽപ്പാദനത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതില്ല എന്നതിനാൽ കമ്പനിയുടെ വരുമാനത്തെ ബാധിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
50-70 കോടി രൂപ വാർഷിക വിറ്റുവരവും കമ്പനിക്കുണ്ട്. മിഡിൽ ഈസ്റ്റിലെ പല സ്‌കൂളുകൾക്കും യൂണിഫോമുകൾ, ആശുപത്രികളിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്കുള്ള യൂണിഫോമുകൾ, വിദേശ രാജ്യങ്ങളിലേക്കുള്ള ഫയർ ആൻഡ് റെസ്‌ക്യൂ വസ്ത്രങ്ങൾ, കോട്ടുകൾ തുടങ്ങിയവയും മരിയൻ ഉൽപാദിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

