ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനഃനിയമനവുമായി ബന്ധപ്പെട്ട കേസ് വിധിപറയാൻ മാറ്റി സുപ്രീം കോടതി. എല്ലാവരുടെയും വാദം കേൾക്കൽ പൂർത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയത്. 60 വയസ് കഴിഞ്ഞവരെ എങ്ങനെ വി സിയായി പുനഃനിയമിക്കാനാകുമെന്ന് വാദത്തിനിടെ സുപ്രീം കോടതി ചോദിച്ചു. സംസ്ഥാന സർക്കാരിനോടാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് സർക്കാരിനോട് ഇക്കാര്യം ചോദിച്ചത്. പുനഃനിയമനത്തിന് ഈ ചട്ടം ബാധകമല്ലെന്ന് സർക്കാർ വാദിച്ചെങ്കിലും, ഇളവ് അനുവദിക്കാനാവില്ലെന്ന് ഗവർണ്ണർക്ക് വേണ്ടി ഹാജരായ അറ്റോർണ്ണി ജനറൽ ആർ വെങ്കിട്ട രമണി വ്യക്തമാക്കി. കണ്ണൂർ സർവകലാശാല വി സിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനഃനിയമനം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.
ഡോ ഗോപിനാഥ് രവീന്ദ്രന് പുനഃനിയമനം നൽകിയത് ചോദ്യം ചെയ്ത് കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കണ്ണൂർ വി സിയുടെ ആദ്യനിയമന തന്നെ യു ജി സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിക്കാർ നേരത്തെ വാദിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുനഃനിയമനവും നിലനിൽക്കില്ലെന്ന് ഹർജിക്കാർ വ്യക്തമാക്കി.

