ഗാസ: ഗാസയിലെ ആശുപത്രിയിൽ ഇസ്രായേൽ ബോംബിട്ടതായി റിപ്പോർട്ട്. ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിയിലാണ് ആക്രമണം നടന്നതെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. 500-ലധികം പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. ആശുപത്രി സുരക്ഷിതമാണെന്ന് കരുതി വീട് വിട്ട ആയിരങ്ങൾ അവിടെ അഭയം തേടിയിരുന്നു. ഇതാണ് മരണസംഖ്യ ഉയരാൻ കാരണം. ആശുപത്രിയിൽ നാലായിരത്തോളം അഭയാർത്ഥികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് അറിയിച്ചു. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുന്നുവെന്നാണ് ഇസ്രയേൽ സൈനിക വക്താവ് സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
അതേസമയം, ഇസ്രയേൽ ലെബനോൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുകയാണ്. ലെബനനിൽ ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ നേരത്തെ അറിയിച്ചിരുന്നു.

