പലസ്തീനൊപ്പം; നിലപാട് വ്യക്തമാക്കി കെ കെ ശൈലജ

കണ്ണൂർ: ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ. താൻ പലസ്തീനൊപ്പമാണെന്ന് ശൈലജ പറഞ്ഞു. അവർക്ക് അവരുടെ രാജ്യം വേണമെന്നും ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടിൽ ജനങ്ങൾക്ക് സംശയമുണ്ടാകില്ലെന്നും ശൈലജ അറിയിച്ചു.

യുദ്ധതടവുകാരെ വെച്ച് ഹമാസ് വില പേശുന്നത് ശരിയല്ല. സാധാരണക്കാരായ സ്ത്രീകളും കുട്ടികളും എന്ത് പിഴച്ചുവെന്ന് ശൈലജ ചോദിച്ചു. എന്നാൽ, ഇസ്രായേൽ ക്രൂരത ചെയ്തല്ലോ, അതുകൊണ്ട് ഹമാസ് ചെയ്താലും കുഴപ്പമില്ല എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. മനുഷ്യത്വമുള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല. ഇരുഭാഗത്തുമുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന് ശൈലജ കൂട്ടിച്ചേർത്തു.

നേരത്തെ വിഷയത്തിൽ കെ കെ ശൈലജ നടത്തിയ പ്രതികരണം വിവാദമായിരുന്നു. ഫേയ്‌സ്ബുക്ക് പോസ്റ്റിൽ ഹമാസിനെ ഭീകരർ എന്ന് പറഞ്ഞതിനെതിരെ ഒരു വിഭാഗം വിമർശനം ഉയർത്തിയിരുന്നു. ഫേയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഇക്കാര്യത്തിൽ കെ കെ ശൈലജ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ, ഇസ്രയേൽ -പലസ്തീൻ വിഷയത്തിൽ താൻ പലസ്തീനൊപ്പമാണെന്ന് വ്യക്തമാക്കിയാണ് ശൈലജ വീണ്ടും തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.