ടെൽ അവീവ്: ഇസ്രയേലും ഹമാസും തമ്മിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സാധാരണക്കാരായ ആളുകൾക്കും ആയുധങ്ങൾ നൽകാൻ ഇസ്രയേൽ പദ്ധതിയിടുന്നതായി റിപ്പോർട്ട്. രാജ്യവ്യാപകമായി എല്ലാ നഗരങ്ങളിലും ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു കാര്യത്തെ പറ്റി ഇസ്രയേൽ ആലോചിച്ചത്.
രാജ്യത്തെ വിവിധ നഗരങ്ങളിൽ നിലവിലുള്ള ഫസ്റ്റ് റെസ്‌പോണ്ടർ യൂണിറ്റുകൾ വിപുലീകരിക്കുമെന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇത്താമർ ബെൻ ഗിവിറും പോലീസ് കമ്മിഷണർ കോബി ഷബ്തായും നേരത്തെ അറിയിച്ചിരുന്നു. 347 പുതിയ യൂണിറ്റുകളാണ് ഇതിന്റെ ഭാഗമായി രൂപീകരിക്കുക.
ഇത്രയും യൂണിറ്റുകളിലായി 13,200 പൊലീസ് വൊളണ്ടിയർമാർ രംഗത്തിറങ്ങും. ഇവരുടെ പേര് പട്ടികപ്പെടുത്തി റൈഫിളും പ്രൊട്ടക്ടീവ് ഗീയറും നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇത്തരം സ്വയം പ്രതിരോധ യൂണിറ്റുകൾ ഇസ്രയേലിലെ അതിർത്തി ഗ്രാമങ്ങളിൽ വർഷങ്ങളായി നിലവിലുണ്ട്. ആയുധങ്ങളും പ്രത്യേക പരിശീലനവും ഇവർക്ക് നൽകും. ആക്രമണങ്ങൾ ഉണ്ടാകുന്ന പക്ഷം സൈന്യവുമായും പോലീസുമായും സഹകരിച്ച് അതിനെ നേരിടുകയാണ് ഇവരുടെ പ്രാഥമിക ദൗത്യം.

