തിങ്കളാഴ്ച്ച രാത്രി മുതൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്; മന്ത്രി കെ രാജൻ

തിരുവനന്തപുരം: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ തിങ്കളാഴ്ച്ച രാത്രി മുതൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പെന്ന് വ്യക്തമാക്കി റവന്യു മന്ത്രി കെ രാജൻ. ആവശ്യമുള്ള പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണമെന്ന അദ്ദേഹം നിർദ്ദേശം നൽകി. മഴക്കെടുതി സംബന്ധിച്ച് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടലിൽ പോകരുതെന്ന മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾ കർശനമായി പാലിക്കണം. അത്യാവശ്യ കാര്യങ്ങളിൽ ഒഴികെ റവന്യൂ ഉദ്യോഗസ്ഥർ അവധി എടുക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. മറ്റ് അവധികൾ മൂന്ന് ദിവസത്തേക്ക് റദ്ദാക്കണം. ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ തന്നെ ഉദ്യോഗസ്ഥർ തുടരണമെന്നും മന്ത്രി നിർദേശിച്ചു.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴയെ തുടർന്നുണ്ടായ അടിയന്തരസാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തൈക്കാട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ ചേർന്ന അടിയന്തര അവലോകന യോഗത്തിൽ മന്ത്രിമാർ നിർദേശം നൽകി.