തനിക്കെതിരെ തോന്നിവാസങ്ങൾ പറഞ്ഞാൽ ഇടതുപക്ഷം മറുപടി പറയും; കെ ബി ഗണേഷ് കുമാർ

കൊല്ലം: സോളർ കേസിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി കേരള കോൺഗ്രസ് (ബി) നേതാവ് കെ ബി ഗണേഷ് കുമാർ. സിബിഐ റിപ്പോർട്ടിൽ താൻ ഗൂഢാലോചന നടത്തിയതായി പറയുന്നില്ലെന്നും തനിക്കെതിരെ തോന്നിവാസങ്ങൾ പറഞ്ഞാൽ ഇടതുപക്ഷം മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം കൊട്ടാരക്കരയിൽ കേരള കോൺഗ്രസ് (ബി)യുടെ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സാധാരണ ഒരു രാഷ്ട്രീയ പാർട്ടി പോലെയല്ല കേരള കോൺഗ്രസ്. ഇന്നു പാർട്ടി വളരുകയാണെന്ന് അദ്ദേഹം അറിയിച്ചു. സോളാർ കേസിൽ ആർ ബാലകൃഷ്ണ പിള്ള കേസിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ അതു യുഡിഎഫിലെ ചില പ്രമുഖ നേതാക്കൾ ആവശ്യപ്പെട്ടിട്ടാണെന്നു നേതാക്കന്മാർ മനസിലാക്കിക്കൊണ്ടു വേണം തനിക്കെതിരെ പ്രസംഗിക്കാൻ. തനിക്കെതിരെ തോന്നിവാസങ്ങൾ പറഞ്ഞാൽ ഈ കഥ മുഴുവൻ അറിയുന്ന അനേകമാളുകളുണ്ടെന്ന് ഓർമിപ്പിക്കുകയാണ്. ഇടതുപക്ഷം ഇതിനു മറുപടി പറയുമെന്നും അദ്ദേഹം അറിയിച്ചു.

77 പേജുള്ള സിബിഐ റിപ്പോർട്ട് കോടതിയിൽ നിന്നു വാങ്ങിയിട്ടുണ്ട്. അതിൽ മുഖ്യമന്ത്രിയോ ഞാനോ ഗൂഢാലോചന നടത്തിയതായി പറയുന്നില്ല. ഗൂഢാലോചന നടത്തിയല്ല, നേരായ വഴിയിലൂടെയാണ് താൻ രാഷ്ട്രീയത്തിൽ വന്നത്. ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും ഭൂരിപക്ഷം കൂട്ടിക്കൊണ്ടാണു വിജയിച്ചുവന്നതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.