നിയമസഭ കയ്യാങ്കളി കേസിൽ നടത്തിയ തുടരന്വേഷണത്തിൽ അപാകതകളുണ്ട്; പ്രതികൾ കോടതിയിൽ

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ നടത്തിയ തുടരന്വേഷണത്തിൽ അപാകതകളുണ്ടെന്ന് പ്രതികൾ. തുടരന്വേഷണത്തിൽ പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം അപൂർണമാണെന്നുമാണ് പ്രതികൾ വ്യക്തമാക്കുന്നത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച പുതിയ രേഖകൾ കൈമാറിയില്ലെന്നും പ്രതികളായ എൽഡിഎഫ് നേതാക്കൾ കോടതിയെ അറിയിച്ചു.

തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം ആദ്യമായിട്ടാണ് കേസ് കോടതി പരിഗണിച്ചത്. പുതുതായി സമർപ്പിച്ച രേഖകൾ പ്രതികൾക്ക് നൽകാൻ ക്രൈംബ്രാഞ്ചിനോട് തിരുവനന്തപുരം സിജെഎം കോടതി നിർദ്ദേശിച്ചു.

ഡിസംബർ ഒന്നിന് കേസ് പരിഗണിക്കും. വിചാരണ തീയതി നിശ്ചയിക്കാൻ വേണ്ടിയാണ് ഡിസംബർ ഒന്നിന് കേസ് പരിഗണിക്കുന്നത്. മന്ത്രി വി ശിവൻകുട്ടിയും എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും ഉൾപ്പെടെ ആറ് പ്രതികളും കോടതിയിൽ ഹാജരായി. അതേസമയം, ബോധപൂർവ്വമുണ്ടായ ആക്രമണമല്ലെന്നും, വനിതാ എംഎൽഎമാരെ ആക്രമിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.