കരുവന്നൂർ പദയാത്ര; സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി എ വിജയരാഘവൻ

തൃശ്ശൂർ: സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇരകൾക്ക് പിന്തുണയുമായി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പദയാത്ര നടത്തിയതിനെ പരിഹസിച്ചാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. താൻ മുമ്പ് കണ്ടത് സിനിമയിൽ വാഹനങ്ങൾ മറിച്ചിട്ട നടനെയായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കണ്ടത് അതേ നടൻ കിതച്ച് ലോറിയുടെ പിറകിൽ പിടിച്ച് ജാഥ നടത്തുന്നതാണെന്ന് വിജയരാഘവൻ വ്യക്തമാക്കി. അതും ഒരു സമര രീതിയാണെന്നും അദ്ദേഹം പരിഹസിച്ചു.

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് വലിയ തട്ടിപ്പാണ്. എന്നാൽ, വിഷയത്തിൽ പാർട്ടി കൃത്യമായി ജാഗ്രതയോടെ ഇടപെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃശ്ശൂരിൽ എൽഡിഎഫ് സഹകരണ സംരക്ഷണ ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഒറ്റപ്പെട്ട അപവാദമായ സംഭവം മാത്രമാണ്. തെറ്റു ചെയ്ത ആരെയും പാർട്ടി സംരക്ഷിച്ചില്ല. ഇതിന്റെ പേരിൽ പ്രസ്ഥാനത്തെ തകർക്കാമെന്ന് പലർക്കും വ്യാമോഹമുണ്ട്. സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ അനുവദിക്കില്ലെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.