തിരുവനന്തപുരം: ഇന്ത്യയുടെ കായിക ശക്തി ഒടുവിൽ ലോക തലത്തിൽ മെഡലുകൾക്കായി മത്സരിക്കുന്ന തലത്തിലെത്തിയെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ. 2036ഓടെ ഇന്ത്യയ്ക്ക് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പി ടി ഉഷ പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒളിംപിക് പ്രസ്ഥാനത്തിൽ ഇതൊരു വലിയ അവസരമാണ്. ഐഒസി അംഗങ്ങൾക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള നല്ല അവസരമാണിത്. മികച്ച പിന്തുണ സർക്കാരിൽ നിന്ന് ലഭിക്കുന്നുണ്ട്. ഇതിനകം തന്നെ അഹമ്മദാബാദിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ നൽകിയിട്ടുണ്ടെന്നും പി ടി ഉഷ അറിയിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പി ടി ഉഷ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ സെഷൻ ഇന്ത്യൻ കായിക രംഗത്തെ ഒരു നാഴികക്കല്ലാണ്. ആഗോള കായിക ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കും എന്നാണ് പ്രതീക്ഷ. കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലും ലോകോത്തര പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും ദശലക്ഷക്കണക്കിന് ഇന്ത്യൻ കായികതാരങ്ങളുടെ ജീവിതത്തെ സമ്പന്നമാക്കുന്നതിനും സാധ്യമാകുന്ന നിരവധി അവസരങ്ങൾ ഇതിലൂടെ വഴി തുറക്കുമെന്നും ഉഷ കൂട്ടിച്ചേർത്തു.

